Naattuvaartha

News Portal Breaking News kerala, kozhikkode,

അൾസറിനെ കുറിച്ച് അറിയേണ്ടതെല്ലാം; എന്താണ് അൾസർ, എങ്ങനെ ഉണ്ടാകുന്നു, ചികിത്സ എന്തെല്ലാം

കുടലിൽ വിള്ളലുകൾ അധവാ ചെറിയ മുറിവുകൾ രൂപപ്പെടുന്ന രോഗാവസ്ഥയാണ് അൾസർ. ഇത് എങ്ങനെയാണ് ഉണ്ടാവുന്നതെന്നാൽ നമ്മുടെ ആമാശയത്തിൽ മ്യൂക്കോസ് എന്ന ആവരണമുണ്ട്. ഇത് രണ്ടുതരം ക്ഷാരഗുണമുള്ള പദാർഥങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഈ പദാർഥങ്ങൾ ആമാശയത്തിലെ ഹെഡ്രോ ക്ലോറിക് ആസിഡിനെ സന്തുലിതാവസ്ഥയിൽ നിർത്തുന്നു. എന്നാൽ പദാർഥങ്ങളുടെ ഉത്പാദനകുറവ് കാരണമോ അല്ലെങ്കിൽ ആസിഡ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ കുടലിൽ വിള്ളലുകൾ രൂപപ്പെടുകയും അൾസറായി മാറുകയും ചെയ്യുന്നു.

1.വായിൽ ഉണ്ടാകുന്ന അൾസർ
2.അന്നനാളത്തിലുണ്ടാകുന്ന അള്‍സര്‍
3.ആമാശയത്തിലുണ്ടാകുന്ന അള്‍സര്‍
4. ചെറുകുടലിലുണ്ടാകുന്ന അള്‍സര്‍

ഡൂവോഡിനൽ അള്‍സര്‍ അഥവാ ചെറുകുടലിന്റെ ആദ്യ ഭാഗത്തുണ്ടാകുന്ന അൾസർ. ഇതാണ് കൂടുതലായും കാണപ്പെടുന്നത്. ഡൂവോഡിനൽ അൾസർ 20 ശതമാനവും പാരമ്പര്യമായി കാണപ്പെടുന്നുണ്ട്, ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് ഡൂവോഡിനൽ അൾസർ കൂടുതലായി കണ്ടുവരുന്നു.

പ്രധാനമായും അൾസർ ഉണ്ടാകുന്നത് ഹെലിക്കോ ബാക്ടർ പൈലോറി (എച്ച്. പൈലോറി)എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ് (ഏകദേശം 60 ശതമാനം) തുടർച്ചയായ വേദന സംഹാരി ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, അമിതമായ മുളക്, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് അൾസറിന് കാരണമായി കണ്ടു വരാറുള്ളത്.

വയറിലെ അൾസറിന് നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. ലക്ഷണങ്ങളുടെ കാഠിന്യം അൾസറിന്റെ കാഠിന്യത്തെ ആശ്രയിച്ചിരിക്കുന്നു. വയറിന്റെ മേൽഭാഗത്ത് വേദന, എരിച്ചിൽ, ഛർദി, വയർ വീർക്കൽ, ദഹനക്കുറവ്, അപൂർവമായി രക്തം ഛർദിക്കൽ, കറുപ്പ് നിറത്തിൽ വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ. ഇതിൽ ബ്ലീഡിങ്, രക്തക്കുറവ്, തുക്കം കുറയൽ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദി എന്നിവ അപകടകരമായ ലക്ഷണങ്ങൾ എന്ന് പറയുന്നു. ഈ ലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങേണ്ടതാണ്. ആമാശയത്തിലെ അൾസർ ഭക്ഷണം കഴിച്ചാൽ കൂടാനും ചെറുകുടലിലെ അൾസർ ഭക്ഷണശേഷം കുറയുന്നതായും കാണാം, കുടുംബത്തിൽ ആർക്കെങ്കിലും ആമാശയ കാൻസറുള്ളവർ ശ്രദ്ധിക്കാം.

*എച്ച് പൈലോറിയുടെ പ്രവര്‍ത്തനം*

1980 കളില്‍ വൃദ്ധസദനത്തിലുള്ളവരിലാണ് എച്ച്. പൈലോറി ബാക്ടീരിയ ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ഹെലികോ ബാക്ടര്‍ പൈലോറി ബാക്ടീരിയ എന്ന എച്ച്. പൈലോറി ആമാശയത്തിലെയും അന്നനാളത്തിലെയും അള്‍സറിന്റെ മുഖ്യ കാരണമായി കണകാക്കി തുടങ്ങിയത് അതോടെയാണ്. ആമാശയത്തിലെ ആസിഡില്‍ മാത്രം വളരുന്ന ബാക്ടീരിയയാണിത്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെ ഇത് മനുഷ്യശരീരത്തില്‍ കയറികൂടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ എച്ച്. പൈലോറി ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താനാവും.

*ചികിത്സ *

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയിലൂടെ രോഗശമനത്തിന് ശ്രമിക്കാതെ ഡോക്ടറെകണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം. അള്‍സര്‍ ചികിത്സിക്കാന്‍ വൈകുന്തോറും വ്രണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തി രക്തസ്രാവത്തിനു കാരണമാകുന്നു. ഈ അവസ്ഥയിലേക്കെത്തുന്നതിനുമുമ്പ് അള്‍സര്‍ ചികിത്സിച്ചു മാറ്റേണ്ടതാണ്. മരുന്നു ചികിത്സയിലൂടെ രോഗശമനം ലഭിക്കാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ ആവശ്യമായിവന്നേക്കാം. ചിലരില്‍ ഡുവോഡിയത്തിന്റെ ഉള്‍ഭാഗം അള്‍സര്‍ വന്ന് ചുരുങ്ങിപ്പോകും. ഇങ്ങനെ തടസമുണ്ടാകുമ്പോള്‍ ആമാശയത്തില്‍നിന്ന് ചെറുകുടലിലേക്ക് ഭക്ഷണത്തിന് പോകാന്‍ കഴിയാതെ വരുന്നു. വിശപ്പില്ലായ്മയും ഛര്‍ദിക്കുമൊക്കെ പൈലോ റിക്‌സ്റ്റിനോസിസ് എന്ന ഈ അവസ്ഥയ്ക്കും കാരണമാകാം. എന്‍ഡോസ്‌കോപിക് ബലൂണ്‍ ചികിത്സയിലൂടെ ഈ ഭാഗം വീര്‍പ്പിക്കുന്നതാണ് നൂതന ചികിത്സാരീതി. അള്‍സറുള്ള ഭാഗത്തെ രക്തസ്രാവത്തിന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. എന്‍ഡോസ്‌കോപി പരിശോധനയില്‍ കാന്‍സറാണെന്ന് കണ്ടെത്തിയാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അള്‍സറിന്റെ ഗുരുതരാവസ്ഥ കണക്കാക്കിയാണ് ഏതു ശസ്ത്രക്രിയാ രീതിയാണ് ആവശ്യമായി വരുന്നതെന്ന് തീരുമാനിക്കുന്നത്. ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത അള്‍സറുമുണ്ട്. അപൂര്‍വ്വമായി കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് റിഫ്രാക്റ്ററി അള്‍സര്‍ എന്നാണ് പറയുന്നത്.

*അള്‍സര്‍രോഗം വരാതിരിക്കാനും, രോഗികള്‍ക്ക് അസ്വസ്ഥതകള്‍ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.*

1. നാരങ്ങാവെള്ളം, അച്ചാറ് ഇവയുടെ അമിതോപയോഗം കുറയ്ക്കുക.
2. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം.
3. മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.
4. അള്‍സറുള്ളവര്‍ ഏതുതരം മരുന്നുകള്‍ കഴിക്കുന്നതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.
5. എരിവുള്ള ഭക്ഷണം, മസാല അധികം അടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക.
6. ചിട്ടയായ ഭക്ഷണക്രമം പാലിക്കുക. ഡയറ്റിങ്ങിന്റെ പേരില്‍ വിശപ്പ് കടിച്ചമര്‍ത്തുന്നത് അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും.
7. വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി, സാവധാനം ഭക്ഷണം ചവച്ചരച്ചു കഴിക്കുക.
8. ഡോക്ടറുടെ നിര്‍ദേശമില്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വേദനസംഹാരികള്‍ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
9. ഭക്ഷണം കഴിച്ച ശേഷവും മരുന്നിനൊപ്പവും ധാരാളം വെള്ളം കുടിക്കുക.

Read Also: എളേറ്റില്‍ വട്ടോളിയില്‍ ജോലിക്കെത്തിയ കര്‍ണാടക സ്വദേശിയെ കാണാനില്ലെന്ന് പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!