താമരശ്ശേരിയിൽ സ്വർണ്ണപ്പണിക്കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ വൻ കവർച്ച.14.5 പവനും 80,000 രൂപയും കവർന്നു

താമരശ്ശേരി: മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണപ്പണിക്കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ വൻ കവർച്ച. 14.5 പവൻ സ്വർണ്ണവും 80,000 രൂപയും കവർന്നു. താമരശ്ശേരി മിനി ബൈപ്പാസിലെ എം കെ ഫ്ലാറ്റിലാണ് സംഭവം. സ്വർണം ഉരുക്കുന്ന സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി സഹദേവ് ബാബറിൻ്റെ താമസ സ്ഥലത്താണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചയോടെയാണ് കവർച്ച നടന്നതെന്നാണ് സൂചന. മുറിയുടെ വാതിലുകൾ തകർക്കുകയോ പൂട്ട് പൊളിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് രാവിലെ പേഴ്സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് സ്വർണ്ണം സൂക്ഷിച്ച ബാഗ് പരിശോധിച്ചപ്പോൾ സ്വർണവും കാണാനില്ലായിരുന്നു. ജനലിനുള്ളിലൂടെ കൈയിട്ട് വാതിൽ തുറന്നാണ്കവർച്ച നടത്തിയത് എന്നാണ് സൂചന. സഹദേവും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്.

താമരശ്ശേരി പോലിസ് സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.

