പയ്യോളിയിൽ ക്ഷേത്രത്തിൽ മോഷണം; മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവർന്നു

പയ്യോളി: കിഴൂരിൽ ക്ഷേത്രവും ക്ഷേത്ര ഓഫീസും കുത്തിതുറന്ന് മോഷണം. കീഴൂര്‍തെരു ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍, ശ്രീകോവിലിനുള്ളില്‍ കയറി ഭണ്ഡാരങ്ങള്‍ പൊളിച്ചാണ് പണം കവര്‍ന്നത്.

ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്തശേഷം അവിടെ സൂക്ഷിച്ചിരുന്ന താക്കോലുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി. തുടര്‍ന്ന് ഏണിവെച്ച് കയറി ഓട് പൊളിച്ച് ശ്രീകോവിലിനുള്ളില്‍ കടന്നു. തുടർന്ന് കോവിലിനുള്ളിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.

ഭണ്ഡാരത്തില്‍നിന്ന് നഷ്ടപ്പെട്ട പണം എത്രയാണെന്ന് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Also : കോഴിക്കോട് കവർച്ച ആസൂത്രണം ചെയ്ത നാലുപേർ അറസ്റ്റിൽ
