ആറുമാസം മുന്‍മ്പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം വര്‍ഷങ്ങളായി അടഞ്ഞുക്കിടന്ന വീട്ടില്‍

Share the news

തൃശൂര്‍: ആറുമാസം മുന്‍മ്പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം വര്‍ഷങ്ങളായി അടഞ്ഞുക്കിടന്ന വീട്ടില്‍. അമ്മക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയശേഷം കാണാതായ പതിനേഴുകാരന്‍ അമല്‍ കൃഷ്ണയുടെ മൃതദേഹമാണ് നാലു കിലോമീറ്റര്‍ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടില്‍ കണ്ടെത്തിത്. കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എ ടി എം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തി. സിം കാര്‍ഡ് ഒടിച്ചു മടക്കിയ നിലയിലും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും എഴുതിയിരുന്നു. ഇത് അമല്‍ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.

പ്രവാസിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അമലിനെ മാര്‍ച്ച് 18നാണ് കാണാതായത്. എടിഎം കാര്‍ഡിന് തകരാര്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതു പരിഹരിക്കാന്‍ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു.

സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാട് തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്ക് പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകള്‍ക്ക് മുന്‍പ് അമലിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 10,000 രൂപ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവാക്കിയതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

(Visited 244 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!