കോവിഡ് മെഗാ പരിശോധനാ ക്യാമ്പ്; ജില്ലയില്‍ 18990 പേരെ പരിശോധിച്ചു

Share the news

കോഴിക്കോട്: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി വെള്ളിയാഴ്ച ജില്ലയില്‍ നടത്തിയ കോവിഡ് മെഗാ പരിശോധനാ ക്യാമ്പില്‍ 18,990 പേരെ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ 14,713 പേര്‍ക്കാണ് പരിശോധന നടത്തിയത്. 9,519 പേര്‍ക്ക് അന്റിജന്‍ പരിശോധന നടത്തിയതില്‍ 1,076 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.3 ശതമാനമാണ് ടിപിആര്‍ നിരക്ക്. 5,194 പേര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്.

സ്വകാര്യ മേഖലയില്‍ 4,277 പേരാണ് പരിശോധനക്ക് വിധേയരായത്. ഇതില്‍ 1,886 പേര്‍ക്ക് ആന്റിജനും 2,319 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 81 പേര്‍ ക്ക് ട്രൂനാറ്റ്, സിബി നാറ്റ് തുടങ്ങിയ പരിശോധനകളുമാണ് നടത്തിയത്. ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 82 കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രമായി 19 ക്യാമ്പുകള്‍ നടത്തി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഗാ പരിശോധന നടത്തിയത്.

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും കോര്‍പറേഷന്‍ പരിധിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍, കോവിഡ് രോഗിയുള്ള വീട്ടിലെ മറ്റു കുടുംബാംഗങ്ങള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവര്‍ മെഗാ ക്യാമ്പില്‍ പങ്കടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. രോഗം വ്യാപിക്കാതിരിക്കാന്‍ കൂടുതല്‍ പേരെ പരിശോധിച്ച് കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി അവരെ ക്വാറന്റയിനിലാക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!