ദേശീയ-സംസ്ഥാന പാതയിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണം-ജില്ലാ കലക്ടര്‍

Share the news

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയ-സംസ്ഥാനപാതകളില്‍ വലിയ തോതില്‍ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന സാഹചര്യത്തില്‍ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പ്രധാന പാതകളിലെ കുഴികളില്‍പ്പെട്ട് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇത് മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ തന്നെ കാരണമാവും. പ്രധാനമായും രാമനാട്ടുകര ബൈപ്പാസില്‍ അപകടരമായ രീതിയിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

ദേശീയ, സംസ്ഥാനപാതകളിലെ കുഴികള്‍ അടക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. പ്രോജക്ട് ഡയറക്ടര്‍ (എന്‍എച്ച്എഐ), റീജിയണല്‍ ഓഫീസര്‍ (എന്‍എച്ച്എഐ തിരുവനന്തപുരം) എന്നിവര്‍ ചേര്‍ന്ന് ജില്ലയുടെ ദേശീയ ഹൈവേകളിലെയും ദേശീയ ഹൈവേ ബൈപാസിലെയും കുഴികള്‍ നന്നാക്കാന്‍ ഒരാഴ്ച്ചക്കകം അടിയന്തിര നടപടികള്‍ സ്വീകരിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (പിഡബ്ല്യുഡി എന്‍എച്ച്), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിഡബ്ല്യുഡി(റോഡുകള്‍) എന്നിവര്‍ ദേശീയപാതയിലെയും സംസ്ഥാന ഹൈവേയിലെയും കൂടാതെ പി.ഡബ്ല്യു.ഡിയുടെ കീഴില്‍ വരുന്ന മറ്റ് റോഡുകളുടെയും കുഴികള്‍ നന്നാക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍വേ നടത്തി സ്വീകരിച്ച നടപടികളെക്കുറിച്ച് ഡിഡിഎംഎയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അറ്റകുറ്റപ്പണികള്‍ നേരിട്ടോ കരാര്‍ കാലാവധി നിലവിലുണ്ടെങ്കില്‍ കരാറുകാര്‍ വഴിയോ നടത്തണം. കുഴികള്‍ അടക്കുന്നതിനുള്ള ഉത്തരവാദിത്വം കരാറുകാര്‍ക്കും അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമുണ്ടാകും.

നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!