കാണാതായ വീട്ടമ്മക്കായി ഇന്നും അന്വേഷണം തുടരും

Share the news

കോടഞ്ചേരി : ശനിയാഴ്ച വൈകിട്ട് ഏകദേശം നാല് മണി മുതല്‍ കാണാതായ വീട്ടമ്മയെ രണ്ട് രാത്രികള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ്(78) വീട്ടില്‍ നിന്ന് കാണാതായത്. കാണാതായ ഉടന്‍ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മൂന്ന് പോലീസ് നായകള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടാതെ കോടഞ്ചേരി പഞ്ചായത്ത് ടാസ്‌ക് ഫോഴ്സ്, പൊതു ജനങ്ങള്‍ എന്നിവരും തെരച്ചില്‍ നടത്തുന്നതിന് സ്ഥലത്തുണ്ട്.

വീട്ടമ്മയെ കാണാതാകുന്നത് തേവര്‍മല പ്രദേശത്ത് നിന്നാണ്. ഇവരുടെ വീട് പ്രദേശത്തെ ഒരു മലയുടെ മുകളില്‍ വിജനമായ ഭാഗത്തായാണ്. തൊട്ടടുത്തായി വീടുകളും ഇല്ല. ഇന്നലെ പോലീസ് നായ വീട്ടില്‍ നിന്ന് സമീപത്തെ തോട്ടങ്ങളിലൂടെ താഴേക്ക് സഞ്ചരിച്ച് കോടഞ്ചേരി തെയ്യപ്പാറ റോഡിലെ സിക്ക് വളവ് വരെ എത്തി നിന്നു. തുടര്‍ന്ന് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് തിരിച്ചുപോവുകയായിരുന്നു.

വിവരം അറിഞ്ഞത് മുതല്‍ നൂറ് കണക്കിനാളുകളാണ് പ്രദേശത്ത് എത്തി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് രാത്രി മുഴുവനും ഇവര്‍ തെരച്ചില്‍ നടത്തി. ഇപ്പോഴും തുടരുന്നു. ഇതു വരെ യാതൊരു വിവരവും ലഭിക്കാത്തത് ബന്ധുക്കളെയും ഗ്രാമ വാസികളെയും ആശങ്കയിലാഴ്ത്തി.അധികം സഞ്ചരിക്കാത്ത ഇടവഴികളിലും തോട്ടങ്ങളിലും പറമ്പുകളിലുമെല്ലാം ഇവര്‍ പല തവണ തെരച്ചില്‍ നടത്തി.ഇനി എവിടെ അന്വേഷിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കളും പ്രദേശവാസികളും.

(Visited 254 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!