Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് സി ബി ഐ കോടതി ഉത്തരവായി. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് തിരുവനന്തരം സി ബി ഐ പ്രത്യേക കോടതി വിധിച്ചത്. കൂടാതെ ആറര ലക്ഷം രൂപ പിഴയും അടക്കണം. മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇരുവര്‍ക്കും ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. കോണ്‍വെന്റില്‍ അതിക്രമിച്ച കയറിയതിന് ഫാദര്‍ തോമസിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഇരുവര്‍ക്കും ഏഴ് വര്‍ഷം വീതം തടവും അരലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ പൈസ്റ്റണ്‍ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി സി എം കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട അഭയ. അന്നു തന്നെ മരണത്തില്‍ സംശയം ഉന്നയിച്ച് കുടുംബം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘങ്ങളെല്ലാം അത്മഹത്യയെന്ന് എഴുതി തള്ളി. ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് പിന്നാലെ ഒന്‍പതര മാസം ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും പഴയ റിപ്പോര്‍ട്ടുകള്‍ക്ക് അടിവരയിടുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് വാദം ശരിയല്ലെന്ന് സി ബി ഐ കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവുണ്ടായി. സി ബി ഐ എസ് പി ആയിരുന്ന ത്യാഗരാജന്‍ ഉള്‍പ്പെടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികളെ കണ്ടത്താന്‍ കഴിഞ്ഞില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാണിച്ച് സി ബി ഐ നല്‍കിയ അപേക്ഷ തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2008 നവംബര്‍ 18 നാണ് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ഡി വൈ എസ് പി നന്ദകുമാറിന്റെ നേത്ത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സാക്ഷികളെ സ്വാധീനിക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. പക്ഷേ സത്യം ഒടുവില്‍ തെളിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചിരിക്കുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി ബി ഐ കോടതി ജഡ്ജി കെ സനില്‍ കുമാര്‍ കേരളം ഉറ്റു നോക്കിയിരുന്ന കേസില്‍ വിധി പ്രസ്ഥാവിച്ചത്.
കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടക്ക രാജുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. രാജുവിന്റെ സ്വാധീനിക്കാനും തട്ടിക്കൊണ്ടുപോവാനും ശ്രമ്ം നടന്നിരുന്നു. ഉപജീവനത്തിന് പോലും വകയില്ലാത്ത രാജുവിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും മൊഴി മാറ്റാന്‍ തയ്യാറായില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കേസില്‍ തങ്ങള്‍ക്ക് അനുകൂല പ്രചാരണം നടത്താന്‍ ഫാദര്‍ തോമസ് കോട്ടൂര്‍ സമീപിച്ചു എന്ന് പറയുന്ന പൊതു പ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും നിര്‍ണായകമായി. സിസ്റ്റര്‍ അഭയയുടെ മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി ഉള്‍പ്പെടെയുള്ള എട്ട് സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. കോണ്‍വെന്റിന്റെ സമീപത്ത് താമസിക്കുന്നയാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയും പിന്നീട് തിരുത്തി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൂടാതെ ബ്രെയിന്‍ മാപ്പിംഗ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളി ഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും സി ബി ഐ ക്ക് കേസ് തെളിയിക്കാന്‍ സഹായകമായി. നേരത്തെ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഫാദര്‍ ജോസ് പുതൃക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചുവെന്ന ആശ്വാസത്തിലാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *