Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് ഒന്‍പത് വരെ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു.

സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവക്ക് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍ എന്നിവക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യമുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഇവിടങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസിട്രേറ്റുമാര്‍ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ കരുതണം.

മെഡിക്കല്‍ ഓക്‌സിജന്‍ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തണം. ജോലിക്കെത്തുന്ന ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ-ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം.

ആശുപത്രി, ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍, ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങള്‍, എന്നിവക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ആളുകള്‍ പരമാവധി ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണം. വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

ഐടി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അത്യാവശ്യം ആളുകള്‍ മാത്രമേ ഓഫീസുകളിലെത്താവൂ. ബാക്കിയുള്ളവര്‍ക്ക് സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒരുക്കണം. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍, ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, എന്നിവയെ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇവരും അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ധരിക്കണം. കടകള്‍ രാത്രി ഒമ്പത് മണിക്കു മുമ്പ് നിര്‍ബന്ധമായും അടയ്ക്കണം. ഹോട്ടലുകളില്‍ പാഴ്‌സല്‍ സംവിധാനം മാത്രമേ അനുവദിക്കു. ഭക്ഷണ ശാലകളും കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം

വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതി.
റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്കേ പ്രവേശനം അനുവദിക്കൂ. നടത്തുന്ന സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം അനുവദിക്കും. യാത്രക്കാരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. യാത്രക്കാര്‍ യാത്രാ രേഖകള്‍ കയ്യില്‍ കരുതണം.

Share:

Leave a Reply

Your email address will not be published. Required fields are marked *