ഫാത്തിമ തഹ്‌ലിയയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ആലോചിക്കാന്‍ പോലുമാവില്ലെന്ന് മറുപടി

Share the news

കോഴിക്കോട്: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയ അഡ്വ. ഫാത്തിമ തഹ് ലിയക്ക് ബി ജെ പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണില്‍ വിളിച്ച് ഫാത്തിമയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.

എന്നാല്‍, ബി ജെ പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ മറുപടി നല്‍കി. മുസ്‌ലിം ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമല്ലെന്നും അത്തരമൊരു ആലോചനപോലും നടക്കുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി. തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി, ബി ജെ സപിയില്‍ ചേരുന്നില്ലെങ്കില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മടിക്കരുതെന്നും ഫാത്തിമയോട് വ്യക്തമാക്കി.

എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയ ഹരിത ഭാരവാഹികളെ പിന്തുണച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ അവര്‍ പാര്‍ട്ടി മാറുമെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ട് ഫാത്തിമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

‘മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.’ – ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

(Visited 376 times, 2 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!